2019, ജൂലൈ 31, ബുധനാഴ്‌ച

ഒരു ഫുട്ബാൾ കളിക്കാരന്റെ ഓർമ്മകൾ



 ഒരു  ഫുട്ബാൾ കളിക്കാരന്റെ ഓർമ്മകൾ 


                                                                                       ഉസ്മാൻ പള്ളിക്കരയിൽ 

പെങ്ങാമുക്ക് ഹൈസ്ക്കൂളിലെത്തുന്നത് വരെ എനിക്ക് ഫുട്ബോൾ അധികം കണ്ട്പരിചയമുള്ള കളിപോലുമായിരുന്നില്ല.
അതിനുമുമ്പ് ഒരിക്കൽ എന്റെ സുഹൃത്ത് സുലൈമുവുമൊത്ത് തെക്കേ കൊച്ചന്നൂരിലെ കല്ലുവെച്ചപീടികയ്ക്കരികിൽ കളി കാണാൻ പോയി. അന്ന് ടീമിൽ ആള് തികയാഞ്ഞിട്ടോ എന്തോ എന്നെയും കളിക്കാനെടുത്തു.
ഒരു നിയമവും ബാധകമല്ലാത്ത (അറിയാത്ത) സർവ്വതന്ത്രസ്വതന്ത്രമായ എന്റെ ആദ്യത്തെ പന്ത്കളി.
പന്ത് അവസരത്തിനൊത്ത് പാസ്സ് ചെയ്യേണ്ടതാണെന്ന ചിന്തയൊന്നുമില്ല. സ്വന്തം ടീമിനെപ്പോലും പന്ത് തൊടാൻ അനുവദിക്കാതെ ഇങ്ങേ ഗോൾപോസ്റ്റ് മുതൽ അങ്ങേ പോസ്റ്റ് വരെ ഞാൻതന്നെ കൊണ്ടുപോകുമെന്ന വാശി.
അതിനിടയിൽ ഇടങ്കോലിടാൻ വന്ന ഒരുത്തന്റെ ഇടനെഞ്ചിലാണ് എന്റെ കാൽമുട്ട് ആഞ്ഞ് പതിച്ചത്. അവന് ശ്വാസം വിടാൻ കഴിയുന്നില്ല. കാൽമുട്ടുകളിൽ കൈകളൂന്നിനിന്ന് അവൻ പുളയുകയാണ്. കളിക്കാരെല്ലാം ഉത്ക്കണ്ഠയോടെ ചുറ്റും കൂടി. കുറച്ച് നേരത്തെ വെപ്രാളത്തിനുശേഷം അയാൾക്ക് ശ്വാസം നേരെവീണു. അയാളിൽ നിന്ന് ശ്രദ്ധതിരിച്ച് എല്ലാവരും വിചത്രജീവിയെ എന്നപോലെ എന്നെ നോക്കി. അതിനു പിന്നാലെ ക്യാപ്റ്റന്റെ ഡയലോഗ് വന്നു. " ഇജി ഇഞ്ഞി കളിക്കണ്ട ചെങ്ങായീ. കേറിക്കോ"
പിന്നെ ഞാനാവഴിക്ക് പോയിട്ടില്ല.
പെങ്ങാമുക്ക് ഹൈസ്കൂളിൽ എട്ടാം തരത്തിൽ ചേർന്നപ്പോൾ ബെഞ്ചിൽ കൂടെയിരിക്കുന്ന മാങ്ങാണ്ടി കുമാരൻ കാഴ്ച്ചയിൽ മാങ്ങാണ്ടിപോലിരിക്കുമെങ്കിലും കോർട്ടിലിറങ്ങിയാൽ ചെറു മരഡോണയാണ്. അവന്റെ കളി കുറച്ചു ദിവസം കണ്ടപ്പോൾ കെട്ടിപ്പൂട്ടിവെച്ച എന്റെ ഫുട്ബോൾ മോഹം വീണ്ടുമുണർന്നു. ടീമിൽ ചേർക്കാം എന്ന് മാങ്ങാണ്ടിയും.
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മുസ്ലിംകുട്ടികൾക്ക് പള്ളിയിൽ പോകേണ്ടതിനായി ഉച്ചനേരത്തെ ഇടവേള പതിവിലും ദീർഘമായതിനാൽ ഊണിനു വീട്ടിൽ പോകാത്ത പിള്ളേർ ആ നേരത്തും കുറച്ചുനേരം കാൽപ്പന്ത് കളിക്കും. ഞാനും അന്ന് മുണ്ട് മാടിക്കുത്തി കോർട്ടിലിറങ്ങി.
കുറച്ചുനേരം പന്തിന്റെ പിന്നാലെ ഓടി നോക്കിയെങ്കിലും പന്ത് പിടിതന്നില്ല. അങ്ങനെ പന്തിനു പിന്നാലെ ഓടിയും നടന്നും നിരാശനായിരിക്കെയാണ് എതിർ ടീമിലെ ഒരുത്തൻ കുറെ അകലെനിന്ന് പന്ത് നീട്ടിയടിച്ചത്. എന്റെ നേർക്ക് ഊക്കിൽ പാഞ്ഞുവരുന്ന പന്ത്. ഞാൻ അവസരം പാഴാക്കിയില്ല. ഒരു ഗോളടിച്ചിട്ടുതന്നെ കാര്യം എന്ന് നിയ്യത്ത് വെച്ച് പാഞ്ഞുവരുന്ന പന്തിനെ വലത്കാൽ മടക്കി അങ്ങോട്ടും ഒരടി വെച്ചുകൊടുത്തു.
ലേയ്സ് കൊണ്ട് വരിഞ്ഞ Neck ഉള്ള പന്തിന്റെ കടുപ്പമാർന്ന ഭാഗം അതിശക്തിയായി എന്റെ കാലിന്റെ പൊറാടിയിൽ ഇടിച്ചു. വേദനയുടെ ഒരു ശരം എന്റെ തലച്ചോർ വരെ പാഞ്ഞു. പന്ത് അതിന്റെ വഴിക്ക്പോയി. ഞാൻ നൊണ്ടി നൊണ്ടി കളത്തിനു പുറത്തേക്കും.
കുന്നത്തെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് തേച്ചമേന്റെ ഇറക്കം ഇറങ്ങി ഒരുവിധം ഞാൻ താഴത്തെ സ്കൂളിലെ എന്റെ ക്ലാസ്സിൽ വന്നിരുന്നു. നാലു മണിക്ക് സ്കൂൾ വിടുമ്പോഴേക്ക് എന്റെ വലത്തെ പാദം നീരുവന്ന് വീർത്തുകെട്ടിയിരുന്നു. ചെങ്ങാതിമാരെല്ലാം വീട്ടിലെത്തി വളരെക്കഴിഞ്ഞിട്ടാണ് മുടന്തിമുടന്തി, കരിച്ചാൽ കടവും കടന്ന്, നടന്ന്, വേദന വിഴുങ്ങി ഞാൻ വീട്ടിലെത്തിയത്. തൊട്ടടുത്ത രണ്ടുദിവസം ലീവെടുത്ത് തൈലം പുരട്ടിയിരിക്കേണ്ടിയും വന്നു.
അങ്ങനെ രണ്ട് ദുരനുഭവങ്ങളിലൂടെ ഞാനും ഫുട്ബോൾ കളിയും രണ്ട് ധ്രുവങ്ങളിലായി.
എന്നാലും കളി കാണാൻ വിരോധമൊന്നുമില്ല. 😀

2019, ജൂലൈ 27, ശനിയാഴ്‌ച

സൗദുവിന്റെ ഭാർഗവിയും ഭാർഗവിയുടെ സൗദുമ്മയും

സൗദുവിന്റെ ഭാർഗവിയും  ഭാർഗവിയുടെ സൗദുമ്മയും 


ഇന്നെന്താണാവോ  ഉമ്മാക്ക് പറ്റിയത്, പതിവിലും നേരത്തെ ഓരോ  കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു.  എല്ലാ കാര്യങ്ങൾക്കും ഉമ്മാക്ക് ഒരു ചിട്ടയുണ്ട്.  പക്ഷെ  ഇത്  അതിനൊക്കെ പുറമെ  എന്ത് പറ്റിയെന്നു  കുറെ ആലോചിച്ചു.   ഒരു  പിടിയും കിട്ടുന്നില്ല.  ഒരിടത്ത് പോകുന്ന കാര്യവും പറഞ്ഞതുമില്ല.  ആരെയോ പ്രതീക്ഷിക്കുന്ന പോലെ.   ചോദിക്കാനും തോന്നിയില്ല .   ഒരിടത്തും എന്റെ  ആലോചന  എത്തിയില്ല.  അവസാന  ഞാനൊന്ന് തീരുമാനിച്ചു.   വരുന്നിടത്ത് വെച്ച് കാണാം.

' സൗദു മ്മാ .....' നീട്ടിയുള്ള  ഭാർഗവി ചോത്തിയുടെ വിളി.  '   ഭാർഗവിയെ......'  അതിലും  നീട്ടിയുള്ള ഉമ്മാടെ  മറുപടിയും..  പിന്നെ  ഒന്നിന്നും നിന്നില്ല.  മോളെ  അടുക്കളയിലെ കാര്യമൊന്നും നോക്കണേ.  ഭാർഗവി വന്നിട്ടുണ്ട്.  ഓടുന്നതിനിടയിലും  ഇക്കാര്യം എന്നോട്  പറയാൻ ഉമ്മ മറന്നില്ല.  ' ഓ  അതാണിപ്പോൾ കാര്യം..'   ഭാർഗവി വരുന്ന വിവരം ഉമ്മ എങ്ങിനെ  മണത്തറിയുന്നു.   അവർ തമ്മിൽ ഫോൺ വിളിയോ മറ്റൊന്നും തന്നെയില്ല.  ഒന്നറിയാം.  അവർ ഒരേ  പ്രായക്കാരാണ്  നല്ല  ചങ്ങാതിമാരും.    ഒരു പക്ഷെ മന:പൊരുത്തം കൊണ്ടായിരിക്കാം .. എന്തായാലും രണ്ടു മൂന്നു മണിക്കൂറിനു   ഉമ്മാനെ അന്വേഷിക്കേണ്ടി വരില്ല.

സുന്ദരിയായ  മാളു ചോത്തിയുടെ ഏക മകളാണ്  സുന്ദരിയായ  ഭാർഗവി ചോത്തി.  മകം പിറന്ന മങ്ക.  ചെറുപ്പം  മുതൽക്കേ  തറവാട്ടിൽ വന്നു എല്ലാ കാര്യങ്ങളും അധികാരത്തോടെ ചെയ്തു വരുന്ന അമ്മയും മകളും.  എനിക്ക് ഓർമ്മ വെച്ചത് മുതൽ മാളൂന്റെ പിന്നാലെ വരുന്ന ഭാർഗവി ചോത്തി.  ഒറ്റ   മുണ്ടും ജാക്കറ്റും .   ഒരേ  വേഷം തന്നെ.  മാളു ചോത്തി  മരിച്ചു പോയി. ഭാർഗവി ചോത്തി  തനിച്ചായി.  ഭാർഗവി  ചോത്തിയെ  കാണുമ്പോഴൊക്കെ  എനിക്കോർമ്മ വരുന്നത്  സിനിമയിലെ  വത്സല മേനോനെയാണ്. അതെ ചിരിയും ഭാവവും.  പക്ഷെ വത്സല മേനോനെക്കാളും ഒരു പിടി  സൗന്ദര്യം കൂടുതലുണ്ട് കേട്ടോ  ഞങ്ങളുടെ ഭാർഗവി ചോത്തിക്ക്.

ആഴ്ചയിലൊരിക്കൽ ഭാർഗ്ഗവി ചോത്തി  ഉമ്മാനെ കാണാൻ  വരും .  ആ ചുറ്റുവട്ടത്തുള്ള  നടന്നു കഴിഞ്ഞതും നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും  വള്ളി പുള്ളി വിടാതെ ഉമ്മാടെ ചെവിയിൽ എത്തിക്കുന്നതും ഭാർഗ്ഗവി ചോത്തി ഒരാളാണ്.   അതിൽ  നല്ലതും ചീത്തയും  ഏഷണിയും  പരദൂഷണവും ഒക്കെ കാണും.   അയൽപക്കത്തുള്ള ഒരാളുടെ വീട്ടിലും ഉമ്മ പോവാറില്ല.   എല്ലാവരും ഉമ്മാനെ കാണാനായി  ഇങ്ങോട്ടു വരാറുണ്ട്.   പക്ഷെ എല്ലാ കാര്യങ്ങളും  ഉമ്മ അറിയുന്നത് ഭാർഗ്ഗവി  ചോത്തിയിൽ നിന്ന് തന്നെയായിരിക്കും.    ഉമ്മാടെ പണിക്കാരോട് ഉമ്മാക്ക് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ ഭാർഗ്ഗവി  ചോത്തി  മുഖേനയാണ് പരിഹരിക്കാറ്.    അത് പോലെ പണിക്കാർക്ക് ഉമ്മാട് നേരിട്ട് പറയാൻ പറ്റാത്ത  കാര്യങ്ങൾ എല്ലാം  ഭാർഗ്ഗവി  ചോത്തിയിലൂടെയാണ്  പറഞ്ഞു  തീർക്കുന്നത്.    അടുത്ത  ആഴ്ച  ഭാർഗ്ഗവി  ചോത്തി  വരുന്നത്  അതിനുള്ള  മറുപടിയുമായിട്ടായിരിക്കും .  രണ്ടു മൂന്ന് മണിക്കൂർ  നീണ്ടുപോകുന്ന  അവരുടെ സംസാരത്തിനിടയിൽ ആരും തന്നെ അവിടേക്കു കടന്നു ചെല്ലാറില്ല.    എന്നാലും അങ്ങോട്ടും ഇങ്ങോട്ടും  നടക്കുന്നതിനിടയിൽ  ഇടയ്ക്കിടെ  ഞാനൊന്ന് എത്തി നോക്കാറുണ്ട്.    ഹരം  പിടിപ്പിക്കുന്ന അവരുടെ സംസാരം കാണാനും  കേൾക്കാനും  നല്ല  രസമാണ്.  ഉമ്മറത്തെ  കോലായിൽ കസേരയിൽ ഇരിക്കുന്ന ഉമ്മയും,  അതിന്നു  തൊട്ടു താഴെ നിലത്ത്  ഭാർഗ്ഗവി  ചോത്തിയും.  ഒരിക്കലും  ഭാർഗ്ഗവി  ചോത്തി  കസേരയിൽ ഇരിക്കാറില്ല.    എത്ര പറഞ്ഞാലും  അതങ്ങിനെ തന്നെയാണ്.  ഒരു ഭക്ഷണവും  ഭാർഗ്ഗവി ചോത്തി  ഞങ്ങളുടെ  വീട്ടിൽനിന്നും  കഴിക്കാറില്ല.

'  മോളെ  ലാലിയേ ...'  ഉമ്മ  ഉമ്മറ  കോലായിൽ നിന്ന് നീട്ടി വിളിക്കുന്നു.  ' ഭാർഗവി  പോകാൻ നിൽക്കുന്നു ..' എന്ന് പറഞ്ഞു കൊണ്ട് ഉമ്മ നേരെ പോയത് അടുക്കളയിലേക്കാണ്. കേസറോളിൽ നിന്നും ഒരു കെട്ടു  ചപ്പാത്തി  എടുത്ത് കവറിലാക്കി,   നമ്മുടെ വീട്ടിൽ നിന്നും ഒരു ഭക്ഷണവും കഴിക്കാത്ത ഭാർഗവി ചോത്തിക്ക്  ചപ്പാത്തി എന്തിനാണാവോ  എന്ന ചോദ്യം ബാക്കിയാക്കി ഞാനും  ഉമ്മാടെ പിന്നാലെ ഉമ്മറത്തേക്ക് നടന്നു.  ഭാർഗവി ചോത്തിയോട്  കുശലം പറഞ്ഞു ഞാനും  ഇത്തിരിനേരം അവിടെ തന്നെ നിന്നു.  ഉമ്മാടെ കയ്യിൽ നിന്നും പൊതി വാങ്ങി  ഭാർഗവി ചോത്തി  യാത്ര പറഞ്ഞു .  വീടിന്റെ ഗേറ്റു മറയുന്നതു വരെ ഞാനും ഉമ്മയും നോക്കി നിന്നു .. 



കുടുംബ  സൗഹൃദം  മാസിക  പുസ്തകം 7  ലക്കം  3  September  2016

സൗദുവിന്റെ ഭാർഗവി





2013, ജൂൺ 4, ചൊവ്വാഴ്ച

വീക്ഷണഭേദങ്ങൾക്കിടയിലെ ഐക്യസാദ്ധ്യതകൾ

വീക്ഷണഭേദങ്ങൾക്കിടയിലെ ഐക്യസാദ്ധ്യതകൾ


വീക്ഷണഭേദങ്ങൾക്കിടയിലെ ഐക്യസാദ്ധ്യതകൾ
“ഏതെങ്കിലും തരത്തിലുള്ള ആത്യന്തികതയെ  എതിർക്കാൻ ഒരുങ്ങിപ്പുറപ്പെടുന്നവർ സ്വയമറിയാതെ അതിന്റെ മറ്റേ അറ്റത്തുള്ള അത്യന്തികതയിൽ എത്തിപ്പെടുന്നു“ എന്ന് ആരോ പറഞ്ഞുവെച്ചിട്ടുണ്ട്.

സംസ്ക്ര്‌തസമൂഹം എല്ലാവിധ വിഭാഗീയതകൾക്കുമതീതമായി ഒന്നിക്കുന്ന ഒരു പോയിന്റാണ് ബലാത്സംഗം തിന്മയാണ് എന്നത്. അതിന്റെ വിപാടനത്തിനായി ഒരേവികാരത്തോടെ ചിന്തിക്കുകയും അതിനുള്ള പോംവഴികൾ സമൂഹസമക്ഷം സമർപ്പിക്കുകയും ചെയ്യുമ്പോൾ ഉദ്ദിഷ്ടലക്ഷ്യസാധ്യത്തിന് ആ നിർദ്ദേശം അണുഅളവെങ്കിലും സംഭാവനനൽകുന്നതാണെങ്കിൽ സർവ്വാ‍ത്മനാ സ്വാഗതം ചെയ്യപ്പെടുക എന്നതാണ് സാമാന്യനീതി.

വിചിത്രമെന്ന് പറയട്ടെ, ബലാത്സംഗം ഒഴിവാക്കാൻ മാന്യമായ വസ്ത്രധാരണം ഒരളവുവരെ ഉപയുക്തമാണെന്ന് ഒരു മതവിശ്വാസിയുടെ ഭാഗത്ത് നിന്ന് അഭിപ്രായപ്രകടനം ഉണ്ടാകുമ്പോഴേക്കും അതിന് മതപരമായ സമ്മതികൂടിയുണ്ടെന്ന ഏക കാരണത്താൽ ആ നിർദ്ദേശത്തോട് നെഗറ്റീവ് ആയി പ്രതികരിക്കാനാണ് പലരുടേയും വ്യഗ്രത!

അന്യഥാ വിവാദവിഷയങ്ങളിൽ സമചിത്തതയോടെ പ്രതികരിക്കുകയും ബുദ്ധിപരമായ സത്യസന്ധത പ്രകടിപ്പിക്കുകയും ചെയ്യാറുള്ള പലരും ഈ നിർദ്ദേശത്തിനെതിരിൽ വാളെടുക്കാൻ ധ്ര്‌ഷ്ടരാകുന്നു എന്നത് തികച്ചും അമ്പരപ്പിക്കുന്ന കാഴ്ചയാണ്.

ഒരാത്യന്തികതക്കെതിരെ നിലപാടെടുക്കുന്നവർ സ്വയമറിയാതെ അനഭിലഷണീയമായ രീതിയിൽ മറ്റൊരാത്യന്തികതയിലെത്തിച്ചേരുന്നതിന്റെ ഉദാഹരണമായിട്ടാണ് എനിക്ക് ഇതനുഭവപ്പെട്ടത്.

വൈകാരികപിരിമുറുക്കമുള്ള അവസ്ഥ പ്രകോപനങ്ങളെ സഹിക്കില്ല എന്നത് സ്പഷ്ടമാണല്ലോ. സ്ഫോടനങ്ങൾക്ക് വഴിമരുന്നിടാൻ ഒരു ചെറിയ സ്ഫുലിംഗം മതിയാകും. ശക്തിയേറിയ ജലസമ്മർദ്ദം പൊട്ടിയൊഴുകാൻ ചെറിയ ലീക്കുകളുടെ സാന്നിദ്ധ്യം മതിയാകും.  മാനുഷികവികാരങ്ങളുടെ കാര്യവും തഥൈവ.

കാമവികാരത്തിന്റെ പിരിമുറുക്കത്തിന് വിധേയരായ സംസ്ക്ര്‌തചിത്തരല്ലാത്ത ആളുകളിൽ, പ്രകോപനപരമായ വസ്ത്രധാരണംവഴി തെരുവുകളിൽ അരങ്ങേറുന്ന  നഗ്നതാപ്രദർശനത്തിന്റെ അനിവാര്യഫലം അവരിലെരിയുന്ന പാപചിന്താകനലുകളിൽ എണ്ണയൊഴിക്കൽ തന്നെയാണ് എന്നത് നിസ്തർക്കമായ കാര്യമാണ്.  പ്രകോപനം സ്ര്‌ഷ്ടിക്കുന്ന നഗ്നതാദർശനം ഉണർത്തുന്ന അഭിനിവേശത്തെ സംസ്ക്ര്‌തചിത്തരായ ആളുകൾക്ക് തങ്ങളുടെ ആത്മശക്തിയാൽ അതിജയിക്കാൻ കഴിയുന്നു എന്നതിനാൽ അവരിൽനിന്ന് അനർത്ഥങ്ങളുണ്ടാകുന്നില്ലെന്ന്മാത്രം.

നിർഭാഗ്യവശാൽ കാമവികാരത്തിന്റെ പിരിമുറുക്കം ഏറ്റാനുള്ള സാഹചര്യം  ചാനലുകളിലേയും മറ്റും ലൈംഗികാതിപ്രസരമുള്ള കാഴ്ചകളുടെയും മറ്റും ഫലമായി സാർവ്വത്രികവുമാണ്. ചിന്താശേഷിയേയും വരുംവരായ്കകളെക്കുറിച്ചുള്ള ഭയത്തേയും പാപബോധത്തെയും - അങ്ങനെയൊന്നുണ്ടെങ്കിൽ! - മന്ദീഭവിപ്പിക്കുന്ന മദ്യലഹരിയുടെ സ്വാധീനം വേറെയും. പത്രകോളങ്ങളിൽ കുമിയുന്ന ലൈംഗികാതിക്രമവാരത്തകളുടെ ആധിക്യത്തിന്റെ കാരണം മറ്റെവിടെയും ചികയേണ്ടതില്ല.

മനുഷ്യന്റെ ജനിതകസ്വാഭാവികമായ ഈ ജൈവികത പ്രകോപനപരമായ സാഹചര്യത്തിൽ സ്പോടനാത്മകത സംവഹിക്കുന്നതാണെന്ന സത്യത്തെ  തർക്കങ്ങൾക്കിടയിലെ കേവല ജയപരാജയങ്ങളുടെ പേരിൽ തമസ്ക്കരിക്കാനുള്ള ശ്രമത്തെ ആത്മവഞ്ചന എന്ന്തന്നെ വിശേഷിപ്പിക്കേണ്ടിവരും.

വസ്ത്രധാരണത്തിലെ മാന്യതയുടെ കാര്യം പറയുന്നവരിലെല്ലാം ഒരു “പൊട്ടെൻഷ്യൽ റേപ്പിസ്റ്റ്“ കുടികൊള്ളുന്ന എന്ന പ്രസ്താവം വലിയൊരു അത്യുക്തി തന്നെയാണ്. ആ പ്രസ്താവത്തിലടങ്ങിയ അപമാനം സംസ്ക്കാരസമ്പന്നരിൽ പ്രതിഷേധമുണർത്തുന്നതും സ്വാഭാവികം. അവരിൽ പലരും  ആ പ്രസ്താവത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ ശക്തിയായി മുന്നോട്ട് വന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല.

അതേസമയം വസ്ത്രധാരണത്തിലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വശത്തിന് സർവ്വപ്രാധാന്യം കൽ‌പ്പിച്ചുനൽകുന്നവരിൽ പലരും നടേ സൂചിപ്പിച്ച അപമാനകരമായ പരാമർശത്തോട്‌ മനസ്സുകൊണ്ട് മമതയുള്ളവരാണെന്നോ അത്തരം ഒരു സാമാന്യവത്ക്കരണത്തെ അവരെല്ലാവരും അനുകൂലിക്കുന്നുണ്ട് എന്നോ ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താവെന്ന നിലയിൽ വള്ളിക്കുന്നിന്റെ ബ്ലോഗിൽ സ്വന്തം വാദഗതിയെ ബലപ്പെടുത്താനായി ഒരു ചിത്രം പോസ്റ്റ് ചെയ്ത ആളെ അതുകൊണ്ടുമാത്രം ഒരു ഞരമ്പ് രോഗിയായോ അരാജകവാദിയായോ മുദ്രകുത്താനും  ഞാൻ വിചാരിക്കുന്നില്ല. സ്വാഭിപ്രായസമർത്ഥനത്തിന്  സഹായകമാണെന്ന് അദ്ദേഹം കരുതിയ ഒരു ചിത്രം നിർദ്ദോഷമനസ്സോടെ പോസ്റ്റ് ചെയ്തു എന്നുമാത്രം.

സാമൂഹികമായ വിശാലകാഴ്ചപ്പാടുള്ളവർക്ക് വിഭിന്ന ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്തന്നെ സാമൂഹ്യസുസ്ഥിതീവിഷയകമായ കാര്യങ്ങളിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനാകേണ്ടതുണ്ട്. കുളം കലക്കി മീൻ പിടിക്കാൻ ഉന്നം വെക്കുന്ന ഇരുട്ടിന്റെ ശക്തികളെ തോല്പിക്കാൻ അങ്ങനെ മാത്രമേ കഴിയുകയുള്ളൂ. തർക്കങ്ങൾക്ക് എരിവേകാനും വിഷയത്തിന്റെ മർമ്മത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുമുള്ള നിഗൂഡോദ്ദേശ്യങ്ങളോടെ കമന്റാൻ വരുന്ന തൽ‌പ്പരകക്ഷികളുടെ ദുഷ്ടലാക്കിൽ വീണുപോകാതിരിക്കാനുള്ള ജാഗ്രതയും അനിവാര്യം.

സാമൂഹ്യവിഷയങ്ങളിലെ അഭിപ്രായാന്തരങ്ങൾ തർക്കങ്ങളായി പരിണമിക്കുമ്പോൾ അതിനിടയിലേക്ക് വ്യക്തിപരതയുടെ അനാവശ്യമായ കടന്നുകയറ്റമുണ്ടാകുന്നതിന് കടിഞ്ഞാണിടാൻ ഓരോരുത്തർക്കും കഴിഞ്ഞാൽ മാത്രമേ ഈ ചർച്ചകളുടെയെല്ലാം ആത്യന്തികഫലം നന്മയായി ഭവിക്കുകയുള്ളു.

വർഗ്ഗീയതയുടേയും ഹിംസാത്മകതയുടെയും  അടിയൊഴുക്കുള്ള തത്വശാസ്ത്രങ്ങൾ വഴിനടത്തുന്ന രോഗഗ്രസ്തമനസ്സുകളോട്‌ വേദമോതുന്നതിൽ അർത്ഥമില്ല. ബഹുസ്വരസമൂഹത്തിന്റെ പരസ്പര സഹവർത്തിത്തിൽ വിശ്വസിക്കുന്ന വിവേകമതികളോട് മാത്രമാണ് എന്റെ വാക്കുകൾ. ഞാൻ ഏറെ ബഹുമാനിക്കുന്ന രണ്ട് സുഹ്ര്‌ത്തുക്കളുടെ ഫേസ് ബുക്കിലെ  വാക് പയറ്റ്  സൌഹ്ര്‌ദത്തിന്റെ ലക്ഷ്മണരേഖ ലംഘിക്കുന്നതിനു സാക്ഷിയാകേണ്ടിവന്നപ്പോൾ മനസ്സിൽ വന്ന ചിന്തകൾ പങ്ക് വെച്ചെന്നുമാത്രം.

Akbar said...
വളരെ പക്വമായ നിലപാടാണ് ഇവിടെ ഉസ്മാന്‍ ജി പറഞ്ഞു വെച്ചത്. ചര്‍ച്ചകള്‍ പലപ്പോഴും വ്യക്തിപരമായ പക പോക്കലായി പരിണമിക്കുമ്പോള്‍ വിശമം തോന്നിയിട്ടുണ്ട്. ഈ നല്ല ലേഖനത്തിനു അഭിനന്ദനങ്ങള്‍.

സമചിത്തതയോടെ കാര്യങ്ങള്‍ കാണാനും പ്രതിപക്ഷ ബഹുമാനത്തോടെ പരസ്പരം സംവദിക്കാനും കഴിയുന്ന വിവേകമതികളോടെ ചര്‍ച്ചകള്‍ ആകാവൂ എന്നറിയാം. എങ്കിലും ചിലപ്പോള്‍ അരുതായ്മകള്‍ അതിര് വിടുമ്പോള്‍ പ്രതികരിച്ചു പോകുന്നു.

സ്ത്രീ അല്പം നഗ്നത പുറത്തു കാണിച്ചാല്‍ അത് പുരുഷന് അവളെ കയറി പിടിക്കാനുള്ള അവകാശമായി ആരും പറയുന്നില്ല. അങ്ങിനെ വന്നാല്‍ അത് ഒരര്‍ഥത്തില്‍ ഇത്തരം ബലാല്‍സംഗ തെമ്മാടികളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും.

എന്നാല്‍ താങ്കള്‍ സൂചിപ്പിച്ച പോലെ അത്തരം അല്‍പ വസ്ത്രധാരിണികള്‍ ഒരു കോമ്പ്രമൈസിന് തയാറാകും എന്നു ചില ഞരമ്പ്‌ രോഗികള്‍ എങ്കിലും ചിന്തിച്ചു പോകും എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. ഇവിടെയാണ്‌ സ്ത്രീകള്‍ അല്പം ശ്രദ്ധിക്കുന്നത് നന്ന് നന്ന് എന്ന് പറഞ്ഞു പോകുന്നത്.

ഇതൊക്കെ മറ്റനേകം മുന്കരുതലുകളില്‍ ഒന്നു മാത്രയാമാണ് പറഞ്ഞു വെക്കുന്നത്. ഇത് പറയുമ്പോഴേക്കും "ഇതാണ് (വസ്ത്രധാരണം) സര്‍വ്വത്തിന്റെയും മുഖ്യ കാരണം" എന്ന് പറഞ്ഞ രീതിയില്‍ ആ വരികള്‍ മാത്രം സന്ദര്‍ഭത്തില്‍ നിന്നും വെട്ടിയെടുത്തു മറ്റെവിടെയെങ്കിലും നടന്ന സംഭവങ്ങളെ ഇതിനോട് കൂട്ടി വായിച്ചു താരതമ്യം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ കണ്ണടച്ച് ഇരുട്ടാണ്‌ എന്ന് പറയുന്ന വിഡ്ഢികള്‍ മാത്രമാണ്.

സമകാലിക ഭാരതത്തിലെ ചില ആകുലതകള്‍ പങ്കു വെച്ചതിന്റെ പേരില്‍ ഒരാളെ Potential Rapist ആക്കുന്ന ആത്യന്തികത (Extreme level ) എന്ത് കൊണ്ട് സംഭവിക്കുന്നു എന്നത് അത് പ്രയോഗിച്ചവര്‍ ഒരു ആത്മ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

മാന്യവസ്ത്രധാരണം എന്ന പദം പര്‍ദയുടെ പര്യയമായി ചിലര്‍ കാണുന്നതില്‍ ആ വസ്ത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. മാന്യ വസ്ത്രം എന്നാല്‍ പര്‍ദ്ദ എന്ന അര്‍ത്ഥവും ഇല്ല. എന്നിട്ടും ആ വാക്കിനെ പര്‍ദ്ദ എന്ന് വ്യാഖ്യാനിക്കുന്നത് ഒരു കൃത്യമായ അജണ്ടയുടെ ഭാഗമാണ്.

താങ്കളുടെ ഈ ബ്ലോഗ്‌ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇനി ഇടയ്ക്കു ഇത് വഴി വരാം. എഴുത്തിന്റെ വഴിയിലുള്ള ഈ ശുഭയാത്രക്ക് എല്ലാ ആശംസകളും.
സസ്നേഹം.



പ്രിയപ്പെട്ട ഉസ്മാന്

താങ്കള് എഴുതിയ വീക്ഷണങ്ങൾ ക്കിടയിലെ ഐക്യ സാധ്യതകൾ എന്നാ കുറിപ്പും അതിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളും ശ്രദ്ധയോടെ വായിച്ചു.  കൂട്ടത്തിൽ അക്ബറിന്റെ പ്രതികരണം സവിഷേഷതയാർന്നതാണു.  നിങ്ങൾ രണ്ട് പേരും പറയുന്നതിനോട് പൂർണ്ണമായും യോജിച്ചു കൊണ്ട് ചിലത് കൂടി കുറിക്കട്ടെ!

സ്ത്രീ പീഢനങ്ങളും ബലാത്സംഘങ്ങളും പത്രത്താളുകളിൽ എന്നും സജീവമായി നില നിൽക്കുന്ന ഈ കാലഘട്ടത്തിൽ അല്ലെങ്കിൽ അതൊരു വാർത്ത യല്ലാതായി മാറിവരുന്ന ഈ കാലത്ത്  ഇങ്ങനെ വേറിട്ട ഒരു ചിന്തയും അതിന്റെ പ്രതികരണങ്ങളും വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് എന്നതിൽ  സംശയമില്ല. പക്ഷേ ഈ ഒരു അവസ്ഥക്കു കാരണം സ്ത്രീ കളുടെ വസ്ത്രധാരണ മാണോ?  അല്ലെങ്കിൽ മത വിദ്യാഭ്യാസത്തിന്റെ  കുറവുകളാണോ ?  നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.!!

എന്റെ ഒരനുഭവം ഇവിടെ പങ്കുവെക്കാം.

വർഷങ്ങൾക്ക് മുൻപ് ഞാൻ ലണ്ടൻ സന്ദർശിക്കുന്ന വേളയിൽ ചെലവു ചുരുക്കൽ പദ്ധതിയുടെ ഭാഗമായി ആറു പേർ താമസിക്കുന്ന ഒരു ടോർമെട്രി യാണു തെരഞ്ഞെടുത്തത്. യാത്ര യുടെ ക്ഷീണത്തിൽ ആ മുറിയിലെ മറ്റു അന്തേവാസികളെ ശ്രദ്ധിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.  പിറ്റേന്നു നേരം പുലാരാരയപ്പോഴാണു ഞാൻ കിടക്കുന്ന കട്ടിലിന്റെ പാർശ്ശ്വത്തിൽ ആരോ ഇരിക്കുന്നു. ഒറ്റ നോട്ടത്തിൽത്തന്നെ  അതൊരു പെണ്‍കുട്ടിയാണെന്ന് .  അവൾ താഴെ കുനിഞ്ഞിരുന്നു ബേഗ്ഗജ്
ഒരുക്കി വെക്കുന്നതിന്റെ തിരക്കിലായിരുന്നു.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു, ഇന്നലെ രാത്രി മുഴുവൻ ഈ സുന്ദരിയായ പെണ്‍ കുട്ടി കിടന്നുറങ്ങിയത് എന്റെ ബെഡി ന്നു നേരെ മുകളിലുള്ള ബങ്ക് ബെഡി ലായിരുന്നു.  അഞ്ചു  അന്യ പുരുഷൻമാർ താമസിക്കുന്ന ആ മുറിയിൽ അതും ഊരും പേരും അറിയാത്ത ഏതോ നാട്ടിൽ നിന്നും വന്നു ചേർന്ന അഞ്ചു പുരുഷന്മാർ -- അവരുടെ കൂടെ താമസിക്കുവാൻ അവൾ ക്കെങ്ങിനെ ധൈര്യം വന്നു.  എന്നാണു നമ്മൾ അന്വേഷിച്ചു കണ്ടെത്തെണ്ടത്,

അവൾ പർദ്ദ അണിഞ്ഞിരുന്നില്ല
ഏത് മത വിശ്വാസിയാണെന്നു നമുക്കറിയില്ല !!
അവൾ മോഡേൻ വസ്ത്രങ്ങളിണിഞ്ഞിരുന്നു. -- അവൾ അൽപ വസ്ത്ര ധാരിയായിരുന്നു

എന്നിട്ടും അവിടെ അവള്ക്കൊന്നും സംഭവിക്കുന്നില്ല.  ആരും അവളെ പീഡിപ്പിക്കുന്നില്ല  ആരും അവളെ ബലാത്സംഘം ചെയ്യുന്നില്ല,

എന്നാൽ ഇവിടെ എന്ത് സംഭവിക്കുന്നു?  സന്ധ്യമയങ്ങിയാൽ രോട്ടിലൂടെ ധൈര്യമായി നടക്കാൻ കഴിയുമോ?  ഓട്ടോ രിക്ഷക്കാർ പിടിച്ചു വലിക്കുന്നു.  പൂവാലന്മാർ പിറകെ കൂടുന്നു  എത്ര മാന്യമായി വസ്ത്രം ധരിച്ചാലും ഇത് തന്നെയാണു സ്ഥിതി .  പര്ദ്ദ ധരിക്കുന്നത് കൊണ്ട് ഇതിന്നൊരു മാറ്റം ഉണ്ടാവുമെന്നും ഞാൻ കരുതുന്നില്ല.  മത പഠനം കൊണ്ട് ഈ ഒട്ടോക്കാര്ക്ക് ഒരു പരിവര്ത്തനം ഉണ്ടാക്കാനും കഴിയുമെന്നു തോന്നുന്നില്ല.

പിന്നെ എന്ത് ??

ലണ്ടൻ, പാരീസ്   ആം സ്റ്റർഡാം  പോലുള്ള നഗരങ്ങളിൽ 24 മണിക്കൂറും  ബ്ലു ഫിലിം പ്രദർശ്ശിപ്പിക്കൂന്ന തിയ്യെറ്ററൂ കൾ ഉണ്ട്,  കള്ളും കഞ്ചാവും മറ്റു ലഹരി പദാർഥ ങ്ങളും സുലഭമാണ്. എന്നിട്ടും അവിടെങ്ങളിൽ ഏത് പാതിരാവിലും ഒരു ഭയാശങ്കകളും കൂടാതെ ഇറങ്ങി നടക്കാം.  നമ്മുടെ നാട്ടിലെ സ്ഥിതിയെന്താണു - സന്ധ്യ മയങ്ങിയാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാന്റ് വരെ ഓട്ടോ പിടിച്ചു പോകുവാൻ ഏത് പെണ്‍കുട്ടി ധൈര്യ പ്പെടും.?

ഇവിടെ ശക്തമായ നിയമങ്ങളും പഴുതില്ലാത്ത ശിക്ഷാ നടപടികളുമാണ് വേണ്ടത്.  പണം കൊണ്ടോ രാഷ്ട്രീയ സ്വാധീനം കൊണ്ടോ ഒരു കുര്യനും ഒരു കുഞ്ഞാലിക്കുട്ടിയും രക്ഷപ്പെടാൻ പാടില്ല. അന്ന് മാത്രമേ ഈ സ്ത്രീ പീഢനങ്ങൾക്കും ബലാത്സംഘങ്ങൾക്കും അറുതി വരുത്താൻ കഴിയൂ. ഇപ്പോൾ തന്നെ കുഞ്ഞാലിക്കുട്ടി, കുര്യൻ, ജഗതി തുടങ്ങിയവരുടെ പേരുകൾ പത്ര താളുകളിൽ സ്ഥാനം പിടിച്ചതിന്നു പിറകെ ഒട്ടേറെ പീഢന വീരന്മാർ തല വലിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.  തലയിൽ  മുണ്ടിട്ട് നടക്കുവാൻ ആര്ക്കും കൊതിയുണ്ടാവില്ല.  ഇന്നല്ലെങ്കിൽ നാളെ താൻ പിടിക്കപ്പെടും എന്നാ ഒരു ഭോധം ഉണ്ടായാൽ തെറ്റുകളിൽ നിന്ന് പിന്മാറാൻ അത് പ്രയൊചനം ചെയ്യും.

മത പഠനങ്ങളും പർദ്ദ ധരിക്കുന്നതും അതുപോലെ മാന്യമായ വസ്ത്രധാരണവും ഗുണം തന്നെയാണു സമൂഹത്തിന്നു നല്കുന്നത് എന്നതില സംശയമില്ല.  അതിനെ എതിര്ക്കുന്നത് ഒരു സ്പോണ്‍സേട് പരിപാടിയാണ്.  മുഖവും കൈപത്തിയും മാത്രം വെളിവാക്കി കൊണ്ടുള്ള കന്യസ്ത്രീകളുടെ യൂനിഫോം ദൈവികവും പാവനവുമാണ്.  അതുപോലെ മതർ തെരേസയുടെ വസ്ത്രങ്ങൾ കാരുണ്യത്തിന്റേയും സേവനത്തിന്റെയും സിമ്പലുകളാണു.  അതേ വസ്ത്ര  ധാരണം പിൻപറ്റുന്ന മുസ്ലീം പെണ്‍കുട്ടികൾ തീവ്രവാദികളുടെ ഗണത്തിൽ പെട്ടവരുമാകുന്നു.  ഈ ഒരു വിവേചനം തുറന്നു കാണിക്കണം ഭോധവൽക്കരിക്കണം.  അതിന്നായി ഒറ്റക്കെട്ടായി പ്രവര്ത്തിക്കണം.

സ്വന്തം  അബ്ദുൽ റഷീദ്  നമ്പിപുന്നിലത്